ഹംസോഹം
2014 സെപ്റ്റംബർ 26, വെള്ളിയാഴ്‌ച
മെഴുകുതിരി തീരുന്നു
എരിഞ്ഞു തീരുന്നു നിരാരവം മെഴു- തിരി,യേകാന്തനിരതമീ മേശമേൽ! ഇരുൾ വലയങ്ങളകറ്റി നിർത്തിയു- മിരുണ്ട ശീലക,ളഴിച്ചു മാറ്റിയും നിഴ,ലുരഗങ്ങൾ വിഷം പരത്തുവാ- നിഴഞ്ഞുകേറാതെ ഗതി തിരുത്തിയും, വരുന്ന കാറ്റിന്റെ ചിറകു തട്ടാതെ ചെരിഞ്ഞു മാറിയു,മുണർന്നു കത്തിയും ജ്വലിച്ചെരിഞ്ഞൊരീ സമയമത്രയു- മലിഞ്ഞു തീർന്നിനി കടന്നു പോകണം! തിരിഞ്ഞുനോക്കിയാ,ലെവിടെനിന്നുമെൻ ശരീരസിദ്ധിയും, ജ്വലനശക്തിയും? പ്രപഞ്ചനാടകം നയിച്ചിടും മഹാ- നൃപന്റെ കൈവിരൽ നൊടിച്ച മാത്രയിൽ, ഋതുക്കൾ വേഷങ്ങളഴിച്ചു കാലിക ഗതി മാറ്റീ; വന്നു വസന്തമൂഴിയിൽ! പരുത്തി പൂവിട്ടു പരാഗരേണുക്കൾ വിരുന്നൊരുക്കി തൻമലരുകൾ തോറും ശലഭങ്ങൾ നിറം പകർന്നു ഘോഷിച്ചു പുലരിതൊട്ടേ ദിവസം മുഴുവനും. മദിച്ചുനിന്നൊരാ സുഭിക്ഷമാത്രക- ളദമ്യ നീതിക,ളടർത്തിമാറ്റവേ, ദളം പൊഴിഞ്ഞു,കായ് വളർന്നുണങ്ങി മ- ദ്ദളംകൊട്ടിച്ചാടി പറന്നു നൂൽപ്പഞ്ഞി. പരാഗം പങ്കിട്ടു മെഴുകും തേനും നൂ- റ്റൊരുക്കി വച്ചതു,മതേ തേനീച്ചകൾ! മെഴുകുകൊണ്ടൊരു മനോഹരസ്തംഭ- മെഴുന്നതിൻ ഹൃത്തി,ലൊരാത്മതന്തുവും! മുളച്ചു തൻ തുമ്പ,ത്തൊരഗ്നിനാളവും തെളിഞ്ഞു നിൽക്കയാ,ണതുമുതൽക്കുഞാൻ! എരിഞ്ഞു തീരുന്നേൻ തുടങ്ങിയിട്ടാകെ ഒരുമണിക്കൂറോ; കഴിഞ്ഞു ജീവിതം! അകത്തു കത്തിയ ചരടുചായുന്നു പുകയായ് മാറീടു,ന്നവസാനകണം! സുഗന്ധമിത്തിരി പരന്നുവോ,ചുറ്റും ദിഗന്ധ,മാസുഖം സ്വദിച്ചു നിന്നുവോ? തുറന്ന തൻ മണിയറയിൽ നിന്നുമോ നിറഞ്ഞൊഴുകും പരിമളവീചികൾ? അവിടമെങ്ങനെ പരമസൌഭാഗ്യ ഭവനമോ,ചിരമഭയസ്ഥാനമോ? മറഞ്ഞ ദീപമേ നിജസ്ഥിതിയിനി അറിവതെങ്ങനെ,യരുളുക വഴി അവിടെയോ സത്യ,മമൃതജീവിത- ഛവി വിടുർന്നീടു,മനശ്വരാങ്കണം? അവിടെയോ ചാടിക്കളിച്ചു നിത്യത നിമിഷമാകുന്ന നിതാന്തവിസ്മയം! -----*----- അബ്രാഹം മൂഴൂർ, നെല്ലിക്കുന്നേൽ,മുത്തോലി.പി.ഒ.കോട്ടയം -686573
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ